മനാമ: ബഹറിനിലെ ഭൂരിപക്ഷമായ ഷിയാ വിഭാഗക്കാര്‍ സുന്നി ഭരണ കൂടത്തിന് എതിരെ നടത്തുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായ അവസ്ഥയില്‍ രാജാവായ ഹമദ് ഇബന്‍ ഇസ അല്‍ ഖലീഫ, വരുന്ന മൂന്നു മാസ കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിനു രാജാവ് അധികാരം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും രാജ്യ സുരക്ഷയ്ക്കും ഭീഷണി ആണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങളെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്‍റെ ഭരണം സൈന്യത്തിന് കൈ മാറുന്നത്. ഈ അവസ്ഥയില്‍ ബഹറിന്റെ അഭ്യര്‍ത്ഥന മാനിച്ച് സൗദി ആയിരവും യു. എ. ഇ അഞ്ഞൂറും പട്ടാളക്കാരെയാണ് അവിടേക്ക് അയച്ചിരിക്കുന്നത്.
എന്നാല്‍ ബഹറിനിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങളില്‍ അമേരിക്കക്ക് ആശങ്കയുണ്ട് എന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
സമാധാന പരമായി സമരങ്ങള്‍ നടത്താനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നും ബഹ്‌റിന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഈജിപ്‌തിന്റ തലസ്‌ഥാനായ കെയ്‌റോയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍. ബഹറിനിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ഹിലാരി കൂട്ടി ച്ചേര്‍ത്തു. അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ബഹ്‌റിനിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
- ജെ.എസ്.