പയ്യന്നൂര്‍ : അക്ഷയ പുസ്തക നിധിയുടെ സാംസ്കാരിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അക്ഷയ ദേശീയ പുരസ്കാരത്തിന് അബുദാബിയില്‍ ദീര്‍ഘകാലമായി പ്രവാസിയായ വി. ടി. വി. ദാമോദരനെ തിരഞ്ഞെടുത്തു.
കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ആഗസ്ത് അവസാനം ബറോഡയില്‍ വിവിധ കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും എന്ന് പുരസ്കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്ഥാപക പ്രവര്‍ത്തകാനായ വി. ടി. വി. ദാമോദരന്‍ പയ്യന്നൂരിന്‍റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളി വിദേശത്തു ആദ്യമായി അവതരിപ്പിച്ചു ശ്രദ്ധ നേടി. കേരള നാടന്‍ കലാ അക്കാദമിയുടെ അംഗീകാരവും നേടിയ ഇദ്ദേഹം പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ച് ‘കേളിപ്പെരുമ’ എന്ന ഡോക്കുമെന്‍ററി നിര്‍മ്മിച്ചിട്ടുണ്ട്. മധു കൈതപ്രമാണ് ഡോക്കുമെന്‍ററി സംവിധാനം ചെയ്തത്.
പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ജീവകാരുണ്യ വിഭാഗം കണ്‍ വീനറുമാണ്.
മലയാള ഭാഷ പാഠശാല, കേരള ഫോക് ലോര്‍ അക്കാദമി തുടങ്ങി വിവിധ പ്രസ്ഥാന ങ്ങളുടെ പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മധു കൈതപ്രം സംവിധാനം ചെയ്ത ‘മധ്യവേനല്‍’ എന്ന ചലച്ചിത്ര ത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ ദാമോദരന്‍, ഉടന്‍ റിലീസാകുന്ന മധുവിന്‍റെ തന്നെ ദിലീപ് നായകനായി അഭിനയിച്ച ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.
പ്രമുഖ കോല്‍ക്കളി ആചാര്യനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അന്നൂരിലെ കെ. യു. രാമ പൊതുവാളുടെയും വി. ടി. വി. നാരായണി അമ്മയുടെയും മകനാണ്. നിര്‍മ്മലയാണ് ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.
എസ്. രമേശന്‍ നായര്‍, വൈസ് ചാന്‍സലര്‍ ഡോ: വി. എന്‍. രാജശേഖരന്‍ പിള്ള, ബറോഡ കേരള സമാജം, പി. എന്‍. സുരേഷ്, മോഹന്‍ നായര്‍ വഡോദര തുടങ്ങിയവര്‍ക്കും ഈ വര്‍ഷം അവാര്‍ഡു നല്‍കുന്നുണ്ട്.
പദ്മശ്രീ ഡോ: എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
മലയാണ്‍മക്ക് നല്‍കി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫ: എം. പി. മന്മഥനാണ് മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ പുസ്തക നിധിയുടെ സ്ഥാപകന്‍.
മഹാകവി അക്കിത്തം, സുഗത കുമാരി, ഡോ: ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ സമതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വി. കെ. മാധവന്‍ കുട്ടി, പി. ഭാക്സരന്‍, തൈക്കാട്ട് മൂസ്, എം. ലീലാവതി, വൈദ്യമഠം നമ്പൂതിരി, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, ടി. കെ. എ. നായര്‍, ഓംചേരി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ അക്ഷയ അവാര്‍ഡിന് അര്‍ഹരായവര്‍.
-