ഷാര്‍ജ : നാടന്‍ കലകളുടെ ദൃശ്യ ഭംഗിയില്‍ , നടന കലയുടെ വര്‍ണക്കൂട്ടുകള്‍ ചാലിച്ചെടുത്ത “മാസ് കലോല്‍സവം” ഷാര്‍ജയില്‍ സമാപിച്ചു. അന്യം നിന്ന് പോകുന്ന തനത് കലകളെ കുറിച്ച് ഒരു കൂട്ടം പ്രവാസികള്‍ നടത്തിയ അന്വേഷണവും കണ്ടെത്തലും, പ്രവാസ ജീവിതത്തിലൂടെ മലയാളിക്ക് നഷ്ടമാകുന്ന സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമവുമായിരുന്നു കലോത്സവത്തിന്റെ അന്ത സത്ത.
എ. സമ്പത്ത് എം. പി. കലോല്‍സവം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, റഹിം കൊട്ടുകാട് (ശക്തി അബുദാബി), സന്തോഷ് (ചേതന റാസ് അല്‍ ഖൈമ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ് ഇബ്രാഹിം അമ്ബിക്കാന അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.
മത്സരങ്ങളുടെ സമ്മര്‍ദ്ദം ഇല്ലാതെ, സ്വതന്ത്രമായ കലാ പ്രദര്‍ശനങ്ങള്‍ ഒരുക്കി, യുവ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട കലോല്‍സവം പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി .
ജാതി മത ഭേദമില്ലത്തൊരു ജനതയാണ് നമ്മുടെ സ്വപ്നം എന്ന് വിളിച്ചോതിയ അബുദാബി ശക്തിയുടെ “കേരളീയം” സദസ്സിന്റെ മുഴുവനും കയ്യടി നേടിയ ഒരിനമായിരുന്നു. നാട്ടു മേധാവിത്വ ത്തിന്റെ യുദ്ധ മുറയില്‍ തുടങ്ങി, തൊഴിലാളി വര്‍ഗത്തിന്റെ യാതനകളിലും പിന്നീടു സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചു വരവിലും അവസാനിച്ച “കേരളീയം” കേരളത്തിന്റെ ഏതാണ്ട് എല്ലാ കലാ രൂപങ്ങളുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അനുപമാ പിള്ളയുടെ നേതൃത്വത്തില്‍ എത്തിയ “റാസ് അല്‍ ഖൈമ ചേതന” യിലെ കലാകാരികള്‍ നടന കലയുടെ മുഴുവന്‍ മേഖലകളും തങ്ങള്‍ക്കു അനായാസമായി വഴങ്ങുമെന്ന് തെളിയിച്ചു. “ദല ദുബൈ” യിലെ പെണ്‍കുട്ടികളുടെ കോല്‍കളി സംഘം മെയ് വഴക്കവും ചടുലതയും കൊണ്ട് സദസ്യരുടെ കൈയടി നേടി. ടാഗോറിന്റെ “ചെറിയ അച്ചനും വലിയ മകനും” എന്ന നാടകത്തിലൂടെയും മുടിയാട്ടത്തി ലൂടെയും മാസ് ബാല സംഘത്തിലെ കൊച്ചു കലാകാരന്മാരും കലാകാരികളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.
നൂതനമായ സിനിമാറ്റിക് – ഫ്യുഷന്‍ ഡാന്‍സുകള്‍ മുതല്‍ വടക്കന്‍ മലബാറിലെ പുരാതനവും അന്യം നിന്നു പോയതുമായ “ആലാമിക്കളി” വരെ അരങ്ങേറിയ കലോല്‍സവം വര്‍ണ്ണാഭമായ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. നാടന്‍പാട്ടും, മുടിയാട്ടവും ഓട്ടന്‍ തുള്ളലുമൊക്കെ ഒത്തു ചേര്‍ന്ന ഗ്രാമീണ കലകളുടെ ഒരു മഹോത്സവം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്.