ദുബായ് : ദുബായ് മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ ഗ്രീന്‍ ലൈന്‍ ഇന്നലെ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളമേറിയ പൂര്‍ണ്ണമായും സ്വയം പ്രവര്‍ത്തിക്കുന്ന റെയില്‍ വ്യവസ്ഥ എന്ന ഗിന്നസ് ലോക റെക്കോഡ് പതിപ്പിച്ച ഫലകം ഷെയ്ഖ് മുഹമ്മദ് അനാവരണം ചെയ്തു. ദുബായിയുടെ അസൂയാവഹമായ വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനവും ഇതോടൊപ്പം നടക്കുകയുണ്ടായി.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റ് ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെ ഷെയ്ഖ് മുഹമ്മദ് പുതിയ മെട്രോ ലൈനിന്റെ ആദ്യ സ്റ്റേഷനായ ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി സ്റ്റേഷനില്‍ നിന്നും കയറി 16 സ്റ്റേഷനുകള്‍ കടന്ന് അവസാന സ്റ്റേഷനായ ഖിസൈസ് എത്തിസലാത്ത് സ്റ്റേഷന്‍ വരെ കന്നി സഞ്ചാരം നടത്തി.