ദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- ജെ.എസ്.