ന്യൂഡൽഹി : ഡീസൽ വിലയുടെ മേൽ സർക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റി പകരം എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന സർക്കാർ തീരുമാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം എണ്ണ കമ്പനികൾ യോഗം ചേർന്ന് വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ഇന്ന് 50 പൈസ വർദ്ധിപ്പിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 50 പൈസ വീതം വർദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വർഷത്തിൽ ഡെസ്സൽ വില 6 രൂപ വർദ്ധിക്കും എന്ന് ഉറപ്പായി.
ഒരു ലിറ്റർ ഡെസ്സൽ വില്ക്കുമ്പോൾ 9.6 രൂപ നഷ്ടം എണ്ണ കമ്പനികൾ സഹിക്കുന്നു എന്നാണ് കമ്പനികളുടെ കണക്ക്. ഈ നഷ്ടം നികത്തും വരെ വില വർദ്ധനവ് തുടരാനാണ് സർക്കാർ വില നിർണ്ണയത്തിനുള്ള അവകാശം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നും സർക്കാർ നിയന്ത്രണം പൂർണ്ണമായി എടുത്തു കളഞ്ഞതല്ല എന്നുമാണ് സർക്കാർ നിലപാട്. ഡീസൽ വില നിയന്ത്രണം ഉപേക്ഷിക്കണം എന്ന കേൽക്കർ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞത്.
അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. വില നിയന്ത്രണം ഒഴിവാക്കിയ പെട്രോളിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ് അംബാനിയോടൊപ്പം
മുകേഷ് അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. പെട്രോളിന്റെ സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ റിലയന്‍സിന്റെ പൂട്ടിയ പമ്പുകള്‍ വീണ്ടും തുറന്നു.
റിലയൻസിന്റെ അന്തിമ ലക്ഷ്യം ഇത് മാത്രമല്ല. പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോൾ, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.
സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം