പൂനെ : ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ പണ്ഡിത് ഭീംസെന്‍ ജോഷി (88) അന്തരിച്ചു. പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില തീരെ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കൂടി കഴിച്ച പണ്ഡിറ്റ് ഭീംസെന്നിനു രണ്ടു ഭാര്യമാരിലായി ഏഴു മക്കള്‍ ഉണ്ട്. പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീനിവാസ് അദ്ദേഹത്തിന്റെ മകനാണ്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ അവസാന വാക്കായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രമുഖ വിഭാഗമായ കിരാന ഖരാനയില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സംഗീത രംഗത്തെ സംഭാവനകള്‍ മാനിച്ച് 2008-ല്‍ ഭാരത് രത്ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ പത്മശ്രീയും, പത്മവിഭൂഷണും അടക്കം എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വലിയ ഒരു ആരാധക വൃന്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തി നുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം കുറച്ചു കാലമായി അദ്ദേഹം പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
കര്‍ണ്ണാടകയിലെ ധാര്‍വാദ് ജില്ലയില്‍ 1922 ഫെബ്രുവരി 19-നായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി ജനിച്ചത്. ചെറുപ്പത്തിലേ നാടു വിട്ട അദ്ദേഹം സംഗീതത്തിന്റെ ലോകത്ത് എത്തിപ്പെട്ടു. മനസ്സു നിറയെ സംഗീതവുമായി ഉത്തരേന്ത്യന്‍ തെരുകളിലെ അലച്ചിലിനിടയില്‍ പലരില്‍ നിന്നുമായി സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. പ്രധാന ഗുരു കൃഷ്ണറാവു ആയിരുന്നു.
- എസ്. കുമാര്‍