മുംബൈ: ഉള്ളിയുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം മഹാരാഷ്ട്രയുടെ പലഭാഗത്തുമായി വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം പുണെയില്‍ കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തി. പ്രധാന മാര്‍ക്കറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചു കൊണ്ടായിരുന്നു പ്രതിഷേധം. 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
സോളാപ്പൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരികളും കര്‍ഷകരും തമ്മില്‍ അടിപിടിയുണ്ടായി. കയറ്റുമതി നിരോധനം പിന്‍വലിക്കുന്നതു വരെ ഉള്ളിയുടെ ലേലം വിളി നടത്താന്‍ പാടില്ലെന്ന് കര്‍ഷകരുടെ യൂണിയനായ ഷേത്കാരി സംഘടന ആവശ്യപ്പെട്ടപ്പോള്‍ വില്പന നടന്നില്ലെങ്കില്‍ വലിയ തോതില്‍ ഉള്ളി നശിച്ചു പോകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.വാക്കു തര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പോലീസെത്തി 150 ഓളം സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
കഴിഞ്ഞ ആഴ്ചയില്‍ നാസിക്കിലും തുടര്‍ന്ന് നാഗ്പുരിലും ഈ പ്രശ്‌നത്തില്‍ കര്‍ഷകര്‍ സമരം നടത്തിയിരുന്നു. നാസിക്കില്‍ കര്‍ഷകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ് പവാര്‍, വാണിജ്യ വകുപ്പുമന്ത്രി ആനന്ദ് ശര്‍മ, ഉപഭോക്തൃ കാര്യ വകുപ്പു സഹമന്ത്രി കെ.വി.തോമസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം