ന്യൂഡെല്‍ഹി: എസ്. എഫ്. ഐ കോട്ട എന്നറിയപ്പെട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല(ജെ. എന്‍. യു)യില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐയെ തറപറ്റിച്ചുകൊണ്ട് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) വന്‍ വിജയം കരസ്ഥമാക്കി. തീവ്ര ഇടതു പക്ഷ നിലപാടുള്ള ഐസക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. എസ്. എഫ്. ഐ സ്ഥനാര്‍ഥിയെ 1251 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡണ്ടായി ഐസയുടെ സുചേത ഡേ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടായി അഭിഷേക് കുമാറും, ജനറല്‍ സെക്രട്ടറിയായി രവി പ്രകാശ് ശിങ്ങും ജോയന്റ് സെക്രട്ടറിയായി മുഹമ്മദ് ഫിറോസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാം ഐസയുടെ പാനലില്‍ മത്സരിച്ചവരാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും എസ്. എഫ്. ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ആര്‍ദ്ര സുരേന്ദ്രന്‍ കൌണിസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
29 കൌണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഐസയും, ആറെണ്ണം എ. ബി. വി. പിയും നേടിയപ്പോള്‍ നാലു സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍. എസ്. യു (ഐ) മൂന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടു കൌണ്‍സിലര്‍ മാരെ മാത്രം ലഭിച്ച എസ്. എഫ്. ഐ നാലാംസ്ഥാനത്തേക്ക് പിന്‍ തള്ളപ്പെടുകയായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. മുപ്പതു വര്‍ഷത്തോളം ജെ. എന്‍. യുവില്‍ യൂണിയന്‍ ഭരണം കയ്യാളിയിരുന്ന എസ്. ഫ്. ഐക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവും തീരെ കുറഞ്ഞിരിക്കുകയാണ്. 2004-ല്‍ മോണ ദാസിസ് ആണ് ജെ. എന്‍. യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയുടെ പാനലില്‍ നിന്നും ആദ്യമായി വിജയിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഐസ പിടിമുറുക്കുകയായിരുന്നു. എസ്. എഫ്. ഐയുടെ നിലപാടുകളോട് വിമുഖതകാണിച്ച ഇടതു ചിന്തയുള്ളവര്‍ തീവ്ര ഇടതു നിലപാടുള്ള ഐസയിലേക്ക് ചേക്കേറുകയായിരുന്നു. ഐസ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയ്ക്കാണ് ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം