മുംബൈ : തനിക്ക് ഒരിക്കലും ഈ സുന്ദരമായ ഭൂമി കാണുവാന്‍ സാധിക്കുമെന്ന് ജന്മനാ അന്ധയായ സിസേയ് അനിഗാവ്ച്ദെസ്സ്ടവ് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപൂര്‍വ്വമായ ഒരു നേത്ര വൈകല്യവുമായി പിറന്നു വീണ ഈ എത്യോപ്യകാരിയുടെ ലോകത്ത് കഴിഞ്ഞ മാസം വരെ അന്ധകാരം മാത്രമായിരുന്നു. എന്നാല്‍ വെളിച്ചം തേടി എത്യോപ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സിസേയ്ക്ക് നിരാശയായി മടങ്ങേണ്ടി വന്നില്ല. ഡോക്ടര്‍ നിഷികാന്ത് ബോര്‍സിന്റെ നേതൃത്വത്തില്‍ ദാദറിലെ ഒരു ക്ലിനിക്കില്‍ നടത്തിയ സൌജന്യ ശസ്ത്രക്രിയയിലൂടെ സിസേയ്ക് കാഴ്ച ലഭിച്ചു. സിസേയുടെ കണ്ണിന്റെ ലെന്‍സും സ്ഫടിക ദ്രവവും അതര്യമായതു മൂലം ഉണ്ടായ ഒരു തരം തിമിരം കാരണമാണ് അവര്‍ക്ക് കാഴ്ച ഇല്ലാതിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലെന്‍സും ദ്രവവും മാറ്റി വച്ചതോടെ സിസയ്ക് കാഴ്ച കിട്ടി.
കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതാനും നേത്ര രോഗ വിദഗ്ധര്‍ എത്യോപ്യയില്‍ ഒരു സൌജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പി ക്കുകയുണ്ടായി.ആ ക്യാമ്പ് സന്ദര്‍ശിച്ച സിസേയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവളോട് ഇന്ത്യയില്‍ വന്നു ശസ്ത്രക്രിയക്ക് വിധേയയകാന്‍ നിര്‍ദേശിച്ചു. നൂതന സൗകര്യങ്ങള്‍ അനേകം വേണ്ട ഒരു ശസ്ത്രക്രിയ ആയതിനാല്‍, അവയൊന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് സിസേയ് ഫെബ്രുവരി 24 നു മുംബൈയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബോര്‍സിന്റെ ആശുപത്രിയില്‍ ലെന്‍സെക്ടോമിക്ക് വിധേയയായി കാഴ്ച ലഭിക്കുകയും ചെയ്തു. മാര്‍ച്ച് 4 നു സ്വദേശത്തേക്ക് തിരിച്ചു പറന്ന സിസയുടെ വലിയ ആഗ്രഹം തുടര്‍ന്ന് പഠിക്കുവാനാണ്. പക്ഷെ കാണണം എന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി, ഈ ക്യാമ്പിലേക്ക് തന്നേ കൂട്ടിക്കൊണ്ടു പോയി തനിക്ക് ജീവിതം തന്ന തന്റെ ആന്റി ആണ് എന്ന് സിസേയ് കൃതാര്‍ത്ഥയായി പറയുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, നന്മ, വൈദ്യശാസ്ത്രം