വാഷിംഗ്ടൺ : സാമൂഹ്യ സേവന രംഗത്ത് വിശിഷ്ടമായ പ്രവർത്തനം നടത്തുന്ന എഞ്ചിനിയർമാർക്ക് നൽകുന്ന പ്രശസ്തമായ ഹൂവർ മെഡൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്ക് ലഭിച്ചു. സിയാറ്റിലിൽ നടന്ന ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ടെക്നോളജി സമ്മേളനത്തിൽ വെച്ചാണ് നാരായണ മൂർത്തിക്ക് മെഡൽ സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡണ്ടുമാരായ ഐസൻഹോവർ, ഏൾ കാർട്ടർ, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം എന്നിവർക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനം കെട്ടിപ്പടുത്തതിനാണ് മൂർത്തിക്ക് ഈ ബഹുമതി ലഭിച്ചത്. മുപ്പതിലേറെ രാഷ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ഇൻഫോസിസ് എന്ന സ്ഥാപനം മുന്നോട്ട് വെച്ച ഗ്ലോബൽ ഡെലിവറി മോഡൽ ആണ് ഇന്ത്യൻ വിവര സാങ്കേതിക രംഗത്തെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ശക്തമായ പ്രചോദനം ആയത്. പബ്ലിൿ ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ മൂർത്തി കോർണൽ സർവകലാശാല, ഇൻസീഡ്, യു. എൻ. ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നിങ്ങനെ ഒട്ടേറെ
ജീവ കാരുണ്യ പ്രസ്ഥാനങ്ങളിൽ സജീവമാണ്.
അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.