റാഞ്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി കടിപിടി കൂടുകയും ദീര്‍ഘ അവധി എടുത്ത് സര്‍ക്കാരാശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്ന നാട്ടില്‍ വെറും 5 രൂപ മാത്രം ഫീസ് വാങ്ങി കഴിഞ്ഞ 55 വര്‍ഷമായി വൈദ്യ സേവനം ചെയ്യുന്ന ഡോക്ടറാണ് റാഞ്ചിയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി. തുച്ഛമായ ഇദ്ദേഹത്തിന്റെ ഫീസ് ദാരിദ്ര്യം മൂലം ചികില്‍സാ ചിലവ് താങ്ങാനാവാത്ത അനേകായിരങ്ങളെയാണ് സഹായിച്ചിട്ടുള്ളത്. 75 കാരനായ ഡോക്ടര്‍ മുഖര്‍ജി 1957ല്‍ ചികില്‍സ തുടങ്ങിയ അന്ന് മുതല്‍ ഈ സേവനം തുടര്‍ന്ന് വരുന്നു.
തനിക്ക് എത്രയാണ് ആവശ്യം എന്ന ബോദ്ധ്യം ഓരോരുത്തര്‍ക്കും വേണം എന്നാണ് ഇദ്ദേഹത്തിന് പറയുവാന്‍ ഉള്ളത്. താന്‍ ഒരു ഡോക്ടറാണ്. തനിക്ക് ചികില്‍സ തേടി വരുന്നവരോട് സഹാനുഭൂതി വേണം. എല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ കാണാന്‍ ആവില്ല. ധന സമ്പാദനം ആണ് ലക്‌ഷ്യം എങ്കില്‍ ഒരു ഡോക്ടര്‍ ആവുന്നതിനു പകരം വേറെ എന്തെങ്കിലും ഉദ്യോഗത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത് എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.
ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇദ്ദേഹം താന്‍ സ്വന്തമായി നടത്തുന്ന പരിശോധനാ ലാബില്‍ ചിലവഴിക്കുന്നു. ഇവിടത്തെ വരുമാനമാണ് ഇദ്ദേഹത്തിന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസിന് ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം