ന്യൂഡല്‍ഹി: ലോകായുക്‌ത റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന വിവരങ്ങള്‍ പരസ്യമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പദമൊഴിയാന്‍ ബി. എസ്. യെദിയൂരപ്പ സമ്മതിച്ചു. എന്നാല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വെയ്ക്കാതിരുന്ന യെദിയൂരപ്പ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി വില പേശിയ ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി അടക്കമുള്ള നേതാക്കളുമായി മൂന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെയാണ് ഇന്നലെ രാവിലെ ആദ്യ വിമാനത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്കു മടങ്ങിയത്. മന്ത്രിമാരുടെയും എം. എല്‍. എ. മാരുടെയും ഭൂരിപക്ഷ പിന്തുണയുള്ള തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടാണ് യെദിയൂരപ്പ സ്വീകരിച്ചത്. താന്‍ നിര്‍ദേശിക്കുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കണം, തന്നെ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി നിയമിക്കണം, അനുയായികള്‍ക്കു മന്ത്രി സഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി. ജെ. പി. പ്രത്യേക സമിതിയെ നിയമിക്കണം തുടങ്ങിയ നീണ്ട ആവശ്യങ്ങളും ഉന്നയിച്ചാണ് അദ്ദേഹം മുഖ്യമന്ത്രി പദമൊഴിയാന്‍ സമ്മതിച്ചത് എന്നറിയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം