കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്, ഈച്ചന്‍ഗഡ്, നോച്ചികാട് എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ് ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.
ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.
ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍ ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
- ലിജി അരുണ്‍