അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.
അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.
ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, സ്ത്രീ