ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ “ജനങ്ങളുടെ കാര്‍” എന്ന് വിശേഷിപ്പിച്ച നാനോ കാര്‍ കമ്പനി അവകാശപ്പെട്ടതു പോലെ ഒരു ലക്ഷം രൂപക്കാവും ഫാക്റ്ററിയില്‍ നിന്നും ഉരുണ്ടിറങ്ങുന്നത്. നികുതികളും മറ്റ് കരങ്ങളും എല്ലാം ചേര്‍ത്ത് ഇത് 1.2 ലക്ഷത്തിന് വാങ്ങുവാന്‍ ആവും. 70,000 രൂപയാണ് ബുക്കിങ് തുക.
രാഷ്ട്രീയവും സാങ്കേതികവും ആയ ഒട്ടേറെ കടമ്പകള്‍ കടന്നാണ് കാര്‍ വിപണിയില്‍ എത്തിയത്. 623 സി.സി. എഞ്ചിന്‍ കൊണ്ട് ഇന്ധന ക്ഷമതയും സഞ്ചാര സുഖവും ഒരു പോലെ നല്‍കി വിലയും നിയന്ത്രിച്ചു നിര്‍ത്തുന്നത് തന്നെ ടാറ്റയുടെ മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇതിനെ തങ്ങളുടെ സാങ്കേതിക പ്രവീണ്യം കൊണ്ട് ടാറ്റ മറി കടന്നെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ടാറ്റക്ക് നേരിടാനായില്ല. തോല്‍വി സമ്മതിച്ച ടാറ്റക്ക് തങ്ങളുടെ ഫാക്ടറി പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു.
അഞ്ചു മാസമാണ് ഈ രാഷ്ട്രീയ ഇടപെടല്‍ മൂലം നാനോ നിരത്തില്‍ ഇറങ്ങുന്നതിനെ വൈകിച്ചത്. 2010ല്‍ മാത്രമേ പുതിയ ഫാക്ടറി ഗുജറാത്തില്‍ സജ്ജമാകൂ. അതു വരെ ഉത്തര്‍ഖണ്ടിലും മഹാരാഷ്ട്രയിലും ഉള്ള തങ്ങളുടെ മറ്റു ഫാക്ടറികളില്‍ പരിമിതമായേ നാനോ നിര്‍മ്മിക്കുവാന്‍ ടാറ്റക്ക് കഴിയൂ. അതിനാല്‍ വിപണിയില്‍ നാനോയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ച് തുലോം കുറവായിരിക്കും.
സുരക്ഷിതത്വവും പരിസര മലിനീകരണ പ്രശ്നങ്ങളും എന്നും നാനോ കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്‍ ഏറ്റവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കി സുരക്ഷിതത്വവും മലിനീകരണ വിമുക്തവും ആക്കിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിലവിലുള്ള ഭാരത് സ്റ്റേജ് II മാനദണ്ഡത്തിനു അനുസൃതമാണ് നാനോ. മാത്രമല്ല യൂറോപ്പില്‍ നിലവിലുള്ള യൂറോ 4 മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണ് നാനോ എന്ന് കമ്പനി അറിയിക്കുന്നു. 2011 ല്‍ യൂറോ 5 മാനദണ്ഡങ്ങളും നാനോ പാലിക്കും. സുരക്ഷാ പരിശോധനകളും നാനോ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ചെറിയ കാറായ മാരുതി 800 നേക്കാള്‍ 8 ശതമാനം നീളം കുറവാണ് നാനോക്കെങ്കിലും ഉള്ളിലെ സ്ഥലം മാരുതിയേക്കാള്‍ 21 ശതമാനം അധികമാണ് എന്ന് ടാറ്റ അറിയിച്ചു. 623 സി.സി. വ്യാപ്തമുള്ള പെട്രോള്‍ എഞ്ചിന്റെ കുതിര ശക്തി 33 HP ആണ്. അടുത്തു തന്നെ ഡീസല്‍ വാഹനവും പുറത്തിറങ്ങും.
- ജെ.എസ്.