മുംബൈ : മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും തിരിക്കേണ്ട എയർ ഇന്ത്യയുടെ നാല് അന്താരാഷ്ട്ര വിമാനങ്ങൾ മുടങ്ങിയതോടെ പൈലറ്റുമാരുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിക്കും എന്നാണ് സൂചന. ഡൽഹിയിൽ നിന്നും രണ്ടും മുംബൈയിൽ നിന്നും രണ്ടും അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ന് മുടങ്ങിയത്. മറ്റ് വിമാനങ്ങൾ അടിയന്തിര അടിസ്ഥാനത്തിൽ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
പൈലറ്റുമാരുടെ സംഘടനയായ ഇൻഡ്യൻ പൈലറ്റ്സ് ഗിൽഡിന്റെ അനുഭാവികളായ 200ഓളം പൈലറ്റുമാരാണ് ഇന്നലെ അസുഖമാണ് എന്ന കാരണം പറഞ്ഞ് ജോലിക്ക് ഹാജരാവാതെ പണിമുടക്കിയത്. ഇതേ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കേണ്ട 13 വിമാനങ്ങൾ മുടങ്ങി. ഇന്നലെ തന്നെ എയർ ഇന്ത്യ 10 പൈലറ്റുമാരെ പുറത്താക്കുകയും പൈലറ്റുമാരുടെ സംഘടനയുടെ അംഗീകാരം നീക്കം ചെയ്യുകയും ചെയ്തു.
- ജെ.എസ്.