ന്യൂഡെല്‍ഹി: പാര്‍ട്ടി തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ട് പ്രതികരിക്കാം എന്ന് വി.എസ്. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പുറത്താക്കുവാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും അത് സ്ഥിതീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും വി.എസ് വ്യക്തമാക്കി. എ.സുരേഷ്, കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍ എന്നീ വിശ്വസ്ഥരെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം പുറത്താക്കുവാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കേരളാ ഹൌസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്. ഈ സമയം പാര്‍ട്ടി പുറത്താക്കുവാന്‍ തീരുമാനിച്ച സഹായി എ.സുരേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുന്നതോടൊപ്പം വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നും സംസ്ഥാന ഘടകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വി.എസിനെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കും എന്ന് കരുതുന്നവര്‍ കേന്ദ്ര നേതൃത്വത്തിലുണ്ട്. തല്‍ക്കാലം വി.എസിന്റെ വിശ്വസ്ഥരെ പുറത്താക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ തൃപ്തിപ്പെടുത്തുക എന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.ഉന്നയിച്ച പരാതികള്‍ പരിശോധിക്കുവാന്‍ ആറംഗ സമിതിയേയും നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ബി.വി.രാഘവലു, എ.കെ. പദ്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം