ന്യൂഡൽഹി : യു. പി. എ. സർക്കാർ മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സാധാരണക്കാരന്റെ ചുമലിലേക്ക് വെച്ചു കൊടുത്ത പിറന്നാൾ സമ്മാനം കേവലം പെട്രോൾ വില വർദ്ധനവ് കൊണ്ട് അവസാനിക്കില്ല എന്നാണ് സൂചന. അടുത്തതായി രാജ്യത്ത് ആകമാനം വിലക്കയറ്റം സൃഷ്ടിക്കാൻ ഉതകുന്ന ഡീസൽ വില വർദ്ധനവും വീട്ടമ്മമാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പാചക വാതക വില വർദ്ധനവും സർക്കാരിന്റെ അജണ്ടയിൽ ഉണ്ട്. ഇത് സംബന്ധിച്ച തീരുമാനം സ്വീകരിക്കാൻ വെള്ളിയാഴ്ച്ച മന്ത്രി തല യോഗം ചേരുന്നുണ്ട്.
എണ്ണ കമ്പനികൾ ഡീസൽ വിലയിൽ 5 രൂപ വർദ്ധനവാണ് ആവശ്യപ്പെടുന്നത്.
വില വർദ്ധനവിന് എതിരെ ഇടതുപക്ഷ കക്ഷികൾ ഡൽഹിയിൽ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. അടുത്തതായി സർക്കാർ ഡീസൽ വിലയും വർദ്ധിപ്പിക്കും. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണം എന്ന് സി. പി. ഐ. നേതാവ് ഡി. രാജ ആവശ്യപ്പെട്ടു.
എന്നാൽ മിക്കവാറും ഘടക കക്ഷികൾ സർക്കാർ നീക്കത്തിന് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ വിലവർദ്ധനവ് പ്രതിഷേധാർഹമാണ് എന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അഭിപ്രായപ്പെട്ടു. സർക്കാരിനെ പിന്തുണയ്ക്കാം എന്ന് തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് അവർ പറഞ്ഞു. ഈ തീരുമാനം എകപക്ഷീയവും അനീതിയുമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സാമ്പത്തികം