ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.
1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255 ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക് വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്
- ലിജി അരുണ്‍