ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സി.എ.ജിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ എണ്ണക്കമ്പനികളുടെ പര്യവേക്ഷണച്ചെലവ് പെരുപ്പിച്ചുകാട്ടി, കേന്ദ്ര സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റു രണ്ടു കമ്പനികളും തട്ടിയെടുക്കാന്‍ പെട്രോളിയം മന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ (സി.എ.ജി.) കരടു റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്‌ട്രീസുമായുള്ള ഇടപാടില്‍ മാത്രം 30000 കോടി രൂപയോളം കേന്ദ്ര ഖജനാവിനു നഷ്‌ടമായിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ സി.ബി.ഐ. നിരീക്ഷണത്തിലാണ്. സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട് വന്നാലുടന്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന.
ആന്‌ധ്രയിലെ കൃഷ്‌ണ-ഗോദാവരി തടത്തിലെ എണ്ണ പര്യവേക്ഷണക്കരാറിലെ തുകയാണു റിലയന്‍സ് പെരുപ്പിച്ചു കാട്ടിയത്. കൂടാതെ രാജസ്‌ഥാനിലെ ബാര്‍മേറില്‍ പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്‌ത-തപ്‌തി തീരത്തെ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ് ഗ്യാസ് തുടങ്ങിയ കമ്പനികളേയും യു.പി.എ. സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്നു കണ്ടെത്തി. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്‌ടര്‍ ജനറലുമായിരുന്ന സമയത്താണ് ഈ ഇടപാടുകള്‍ നടന്നത്. 2ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് കുംഭകോണങ്ങളില്‍ നട്ടംതിരിയുന്ന കേന്ദ്ര സര്‍ക്കാരിനു പെട്രോളിയം കുംഭകോണം പുതിയ തലവേദനയാകും. പ്രതിപക്ഷം പാര്‍ലിമെന്ററില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതോടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും കാരണമാകും.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, നിയമം