ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ് നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത് കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.
സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.
യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, ദുരന്തം