ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ് സ്ഫോടനം നടന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. കളക്റ്ററേറ്റിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം നടന്നത്. അതി ശക്തമായ ശബ്ദമായിരുന്നു സ്ഫോടനത്തോടൊപ്പം കേട്ടത്. ഏതാണ്ട് അര കിലോമീറെര്‍ ദൂരെ വരെ ഇത് കേള്‍ക്കാമായിരുന്നു. ചപ്പു ചവറുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒരു ചാക്ക് കെട്ടിലാണ് സ്ഫോടനം നടന്നത്. ബോംബിന്റെ ചീളുകള്‍ തറച്ചു ഒരു ജീവനക്കാരന് കയ്യിലും വയര്‍ ഭാഗത്തും പരിക്കുകള്‍ ഉണ്ടായി.
പോലീസ് എത്തി സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. പൈപ്പ് ബോംബ് ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കലക്ടര്‍ എം.ബീനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അന്യ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനത്ത് മുന്‍പ് ഉണ്ടായിട്ടുള്ള സ്ഫോടനങ്ങളുമായുള്ള സാമ്യം തള്ളിക്കളയാന്‍ ആവുന്നതല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. രാസ പരിശോധനാ ഫലം ഇന്ന് അറിവാകും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഓഫീസുകളുടെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ ഓഫീസുകളില്‍ വന്നു പോകുന്നവരെ നിരീക്ഷിക്കാനായി ഉപയോഗിക്കേണ്ടതുണ്ട്.
കളക്റ്ററേറ്റ് സ്ഫോടനത്തെ കുറിച്ചുള്ള അടിയന്തര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തം ആകുന്നതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ക്ക് വേദിയാവുകയാണ് എന്ന ആരോപണം ഈ സംഭവത്തോടെ കൂടുതല്‍ ശക്തം ആവുകയാണ്.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബോംബ്