ന്യൂഡല്‍ഹി : അഞ്ചു വയസ് പ്രായമാവുന്നതിന് മുന്‍പ് പ്രതിവര്‍ഷം 17.4 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ സഭയില്‍ കേന്ദ്ര ആരോഗ്യ സഹ മന്ത്രി സുദീപ് ബന്ധോപാദ്ധ്യായയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇതില്‍ 55 ശതമാനം കുട്ടികളും ജനിച്ച ഉടനെയോ 28 ദിവസത്തിനുള്ളിലോ മരിക്കുന്നു. 11 ശതമാനം മരണങ്ങള്‍ ന്യൂമോണിയയും അതിസാരവും മൂലമാണ്. 4 ശതമാനം മീസല്‍സ് മൂലവും.
പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ എന്ന് മന്ത്രി പറഞ്ഞു. ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക് എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ് കണക്കുകള്‍ പ്രകാരം ലോകത്ത് പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍