യു.എ.ഇ.യിലെ ബാങ്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡിന്‍റേയും ഡെബിറ്റ് കാര്‍ഡിന്‍റേയും നമ്പറുകള്‍ കൈക്കലാക്കി വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികള്‍ അടക്കം നിരവധി പേരാണ് ഇങ്ങനെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
വിവിധ ബാങ്കുകള്‍ ഇഷ്യൂ ചെയ്ത വിസ, മാസ്റ്റര്‍ കാര്‍ഡ് ഉടമകളാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും. അതേ സമയം പല ബാങ്കുകളും സുരക്ഷയെ മുന്‍ നിര്‍ത്തി കാര്‍ഡിന്‍റെ രഹസ്യ പാസ് വേഡ് മാറ്റാന്‍ എസ്.എം.എസ്. മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദുബായിലെ പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുകയും ചെയ്തു.
തങ്ങളുടെ 42 ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദുബായ് ബാങ്ക് വ്യക്തമാക്കി. പണം നഷ്ടപ്പെട്ടവര്‍ക്ക് അവ ബാങ്ക് തിരിച്ചു നല്‍കാനും തയ്യാറായിട്ടുണ്ട്. ദുബായ് ബാങ്ക് ഇഷ്യൂ ചെയ്ത കാര്‍ഡുകള്‍ വിദേശങ്ങളില്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, ദുബായ് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവ ഉപഭോക്താക്കളോട് കാര്‍ഡിന്‍റെ പാസ് വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.