ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ “ടൈഗര്‍” മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന് 70 വയസായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ ആയിരുന്നു ടൈഗര്‍ പട്ടോഡി.
ഒരു കണ്ണിന് കാഴ്ച ഇല്ലാതെ തന്നെ മൂവായിരത്തോളം റണ്ണുകള്‍ നേടിയ പട്ടോഡി ഒരു ക്രിക്കറ്റ് ഇതിഹാസം ആയിരുന്നു എന്ന് സുനില്‍ ഗാവസ്കര്‍ പറഞ്ഞു. ഒറ്റ കണ്ണ് കൊണ്ട് കളിക്കുന്നത് എത്ര ദുഷ്കരമാണ് എന്ന് ബാറ്റ് ചെയ്തിട്ടുള്ള ആര്‍ക്കും അറിയാം. എന്നിട്ടും അദ്ദേഹം കൈവരിച്ച നേട്ടം എത്ര മഹാനായ കളിക്കാരനായിരുന്നു അദ്ദേഹം എന്ന് തെളിയിക്കുന്നു എന്നാണ് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടമാണ് പട്ടോഡിയുടെ വിയോഗമെന്നാണ് ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത്.
1961 മുതല്‍ 1975 വരെ 46 ടെസ്റ്റ് മല്‍സരങ്ങളില്‍ പട്ടോഡി ഇന്ത്യന്‍ ടീമില്‍ കളിച്ചു. ഇതില്‍ 40 മല്‍സരങ്ങളില്‍ അദ്ദേഹമാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ ഒന്‍പത് മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ പകച്ചു നിന്നിരുന്ന ഇന്ത്യന്‍ ടീമിനെ 1968ല്‍ ന്യൂസീലന്‍ഡിനെതിരെ വിദേശ മണ്ണിലുള്ള ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് അദ്ദേഹം നയിച്ചു. പട്ടോഡി ഇല്ലായിരുന്നുവെങ്കില്‍ ജയിക്കാനായി കളിക്കുന്ന ഒരു ലോകോത്തര ടീമായി വളരാന്‍ ഇന്ത്യന്‍ ടീമിന് ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്, ചരമം