മുംബൈ : ഓൺലൈനിലൂടെയുള്ള ബാങ്ക് കാർഡു കളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും കുറ്റമറ്റതും ആക്കി മാറ്റുവാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് പോർട്ടലുകളിൽ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കുന്നത് ഉൾപ്പെടെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളാണ് ആർ. ബി. ഐ. നൽകിയത്.
യഥാർത്ഥ ക്രഡിറ്റ് / ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഇ-കൊമേഴ്സ് സൈറ്റു കളിൽ ഉപയോഗിക്കേണ്ടത്. ഇ-കൊമേഴസ് പോർട്ടലുകളിൽ ഇടപാട് നടത്തുമ്പോൾ യഥാർത്ഥ ബാങ്ക് കാർഡ് വിവരങ്ങൾ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതുവഴി കാർഡ് ഉപയോഗം കൂടുതൽ സുരക്ഷിതം ആക്കുവാൻ കഴിയും എന്നാണ് ആർ. ബി. ഐ. അറിയിക്കുന്നത്.
പേര്, കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയ്യതി തുടങ്ങിയ വിവരങ്ങൾ ഒരു ടോക്കണായി സേവ് ചെയ്യുക എന്നതാണ് ഇതിന്‍റെ രീതി. ഓരോ വെബ് സൈറ്റിലും വ്യത്യസ്ത ടോക്കൺ നമ്പർ ആയിരിക്കും ലഭിക്കുക. കാർഡ് ടോക്കണൈസ് ചെയ്യേണ്ട രീതികൾ അറിയുന്നതിനായി അതാത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും ആർ. ബി. ഐ. അറിയിച്ചു.
ഇനി മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുവാൻ വണ്‍ ടൈം പാസ്സ് വേഡ് (ഒ. ടി. പി.) ലഭിക്കുന്ന ഉപയോക്താക്കൾ കാർഡ് കൈപ്പറ്റി 30 ദിവസത്തിന് ഉള്ളിൽ തന്നെ ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും എന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, ഇന്ത്യ, സാങ്കേതികം, സാമ്പത്തികം