നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ജോധ്പൂറിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 140ഓളം ഭക്ത ജനങ്ങള്‍ കൊല്ലപ്പെട്ടു. ദര്‍ശനത്തിനായി ക്ഷേത്ര കവാടങ്ങള്‍ തുറന്നപ്പോഴാണ് നിയന്ത്രണാ തീതമായ തിരക്ക് അനുഭവപ്പെട്ടത്. കൂട്ടത്തോടെ അകത്തേയ്ക്ക് കടന്ന ജനത്തിന്റെ തിക്കില്‍ താഴെ വീണ പലരുടേയും മുകളിലൂടെ ജനക്കൂട്ടം കയറി ഓടുകയാണു ണ്ടായത്. ഇരുപതോളം പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ മഹാത്മാ ഗാന്ധി ആശുപത്രി, മധുരാ ദാസ് ആശുപത്രി, സണ്‍ സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചാണ് മരിച്ചതായി സ്ഥിരീകരിയ്ക്കപ്പെട്ടത്. അറുപതോളം പേര്‍ പരിയ്ക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. പരിയ്ക്കേറ്റ വരിലെ ചിലരുടെ നില ഗുരുതരം ആണ് എന്ന് ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത അറിയിച്ചു.
ജോധ്പൂറിലെ മെഹരങ്ഘര്‍ കോട്ടയിലെ ക്ഷേത്രത്തില്‍ എത്തി ച്ചേരാന്‍ രണ്ട് കിലോമീറ്ററോളം വീതി കുറഞ്ഞ മലമ്പാതയിലൂടെ സഞ്ചരിയ്ക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്യൂ ഇവിടെ ഉണ്ട്. ഇതില്‍ പുരുഷന്മാരുടെ ക്യൂവിലാണ് തിക്ക് ഉണ്ടായതും അപകടം സംഭവിച്ചതും.
- ജെ.എസ്.