ന്യൂദല്‍ഹി : രണ്ടു പാര്‍ട്ടികളില്‍ അംഗത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കി. ഏറെ കാലമായി തുടരുന്ന പാര്‍ട്ടി രജിസ്ട്രേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) ദേശീയ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ഇ. അഹമ്മദ് നിര്‍ബന്ധിതനാകുന്നു. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നും പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് (ഐ. യു. എം. എല്‍) എന്നും മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്. ഇതാണ് ഇ അഹമ്മദിന് വിനയായി വന്നിരിക്കുന്നത്.
ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്‍റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്‍റ് അംഗത്വവും നഷ്ടമാകും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം