ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബി.ജെ.പിയിലെ പിളര്‍പ്പ് തടയുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. കര്‍ണ്ണാടകയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തെക്കേ ഇന്ത്യയില്‍ ആദ്യമായി ബി.ജെ.പിയെ ഭരണത്തിലെത്തിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യഡിയൂരപ്പ പാര്‍ട്ടി വിട്ടു. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സമത്ത് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ മറ്റൊരു തിരിച്ചടിയായി. രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ യഡിയൂരപ്പയുമായി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. യഡിയൂരപ്പക്ക് ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷപദവി വാഗ്‌ദാനം ചെയ്തുവെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ തീരുമാനിക്കണമെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. തല്‍ക്കാലം സംസ്ഥാന അധ്യക്ഷ പദവി സ്വീകരിച്ച് പാര്‍ട്ടിയില്‍ തുടരണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പിന്നീട് തീരുമാനിക്കാമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അദ്ദേഹം സ്വീകരിക്കുവാന്‍ കൂട്ടാക്കിയില്ല. ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു യഡിയൂരപ്പ . ലിംഗായത്ത് സമുദായാംഗമായ യഡിയൂരപ്പക്ക് കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ 19 എണ്ണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് നേടുവാനായി. വരാനിരിക്കുന്ന നിയമസഭാ-ലോക്‍സഭാ തിരഞ്ഞെടുപ്പുകളില്‍ യഡിയൂരപ്പയില്ലാതെ ബി.ജെ.പിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാനത്തെ വിമത നീക്കങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ നല്‍കിയ പിന്തുണയാണ് പ്രശ്നം വഷളാക്കിയതെന്ന് ഒരു വിഭാഗം കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ ഭരണത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്ങ്, ഉമാഭാരതി എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ യഡിയൂരപ്പയും ചേര്‍ന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം