ന്യൂഡെല്‍ഹി: സ്വാതന്ത്യ സമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ.ഗുജ്‌റാള്‍ (92) അന്തരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗുജറാളിന്റെ മരണ വിവരം അറിഞ്ഞ് പാര്‍ളമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. രാജ്യത്ത് ഏഴു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1919 ഡിസംബര്‍ നാലിനു ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ തഡലം ജില്ലയിലാണ് ഇന്ദ്രകുമാര്‍ ഗുജറാള്‍ എന്ന ഐ.കെ. ഗുജ്‌റാളിന്റെ ജനനം. പിതാവ് അവതാര്‍ നാരായണ്‍ ഗുജ്‌റാള്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. പുഷ്പ ഗുജ്‌രാള്‍ ആണ് മാതാവ്. 11 ആം വയസ്സില്‍ സ്വാതന്ത്ര സമര രംഗത്തേക്ക് കടന്ന ഗുജ്‌റാള്‍ നിരവധി തവണ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1942-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ എത്തിയ ഗുജ്‌റാള്‍ ദില്ലിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലഘട്ടത്തിലും രാഷ്ടീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഗുജ്‌റാള്‍ 1967-ല്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. വിവിധ മന്ത്രിസഭകളിലായി നഗര വികസനം, ഭവനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.പി.സിങ്ങ്, ദേവഗൌഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി ഊഷ്മ്മളമായ സൌഹൃദവും ഉണ്ടായിരുന്നു എങ്കിലും മക്കളായ സഞ്ജീവ്, രാജീവ് എന്നിവരുമായി അദ്ദേഹം പൊരുത്തപ്പെട്ടു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് കുറച്ചു കാലം രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് വി.പി.സ്ങ്ങിന്റെ ജനമോര്‍ച്ച യുമായി ബന്ധപ്പെട്ടു. ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അതിലൂടെ സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തി. 1997-ല്‍ ദേവഗൌഡ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടമായപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി 1997 ഏപ്രില്‍ 21 നു സത്യ പ്രതിഞ്ജ ചെയ്തു. ഏഴുമാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി സഭയുടെ ആയുസ്സ്. ദീര്‍ഘ കാലം ദേശീയ രാഷ്ടീയത്തിലും കേന്ദ്ര മന്ത്രി സ്ഥാനത്തും ഇരുന്നിട്ടും അഴിമതിയുടെ ആരോപണം ഏല്‍ക്കാത്ത ചുരുക്കം പേരില്‍ ഒരാളായിരുന്നു ഐ.കെ. ഗുജ്‌റാള്‍.
രാജ്യസഭ അംഗമായ നരേഷ് ഗുജ്‌റാള്‍ മകനാണ്. എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഭാര്യ ഷീല ഗുജ്‌റാള്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പ്രശസ്ത ചിത്രകാരനും ആര്‍ക്കിടെക്ടുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍