ന്യൂഡൽഹി : ബസിൽ വെച്ച് ആക്രമിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി ഇന്ന് രാവിലെ സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ തലസ്ഥാന നഗരമായ ഡെൽഹിയിൽ അഭൂതപൂർവ്വമായ പ്രതിഷേധമാണ് യുവാക്കൾ ഉയർത്തിയത്. പ്രതിഷേധ കൊടുങ്കാറ്റാൽ ജനസാന്ദ്രമായ ഡൽഹിയിലെ തെരുവുകളും രാഷ്ട്രപതി ഭവന്റെ കവാടവും ഒരു രാഷ്ട്രത്തിന്റെ മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ടപ്പോൾ സർക്കാരും അധികാര വർഗ്ഗവും സ്വീകരിച്ച തണുത്ത പ്രതികരണം വൻ ചർച്ചാ വിഷയമായി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരിയാണ് മാനഭംഗപ്പെട്ടത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴും തന്നെ ആക്രമിച്ചവരെ പിടികൂടിയോ എന്നൊക്കെ ആരായുന്നുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇനിയും പ്രശ്നം അവഗണിക്കാൻ ആവില്ലെന്ന് അധികൃതർ മനസ്സിലാക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. മാനഭംഗത്തിന് വധശിക്ഷ നൽകണം എന്ന ആവശ്യം പ്രതിഷേധക്കാരോടൊപ്പം രാഷ്ട്രീയ പ്രമുഖരും ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമ ഭേദഗതി നടത്താനും സർക്കാർ തയ്യാറായി. ഇതിനിടെയാണ് പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്. എന്നാൽ പെൺകുട്ടി മരണപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്ര തിടുക്കത്തിൽ ചികിൽസിക്കുന്ന ഡോക്ടർമാരുടെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത് എന്ന് ഇതിനിടെ ആരോപണം ഉയർന്നു.
ഏതായാലും തന്നെ പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങാൻ കാത്തു നിൽക്കാതെ പെൺകുട്ടി ഇന്ന് രാവിലെ ഇന്ത്യൻ സമയം 2:15ന് ഇഹലോക വാസം വെടിഞ്ഞു. സ്വസ്ഥമായായിരുന്നു മരണം എന്ന് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പ് വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും മരണ സമയത്ത് കൂടെയുണ്ടായിരുന്നു എന്നും പെൺകുട്ടിയെ ചികിൽസിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ ലോഹ് അറിയിച്ചു.
പ്രത്യേക വിമാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ദുരന്തം, പീഡനം, സ്ത്രീ
ദില്ലിയിലെ പെണ്കുട്ടി