ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തല ത്തില്‍ രചിച്ച ഫ്രീഡ്രം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍) എന്ന കൃതിയുടെ സഹ രചയിതാവും പ്രശസ്ത ഫ്രഞ്ച് എഴുത്തുകാര നുമായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. ഡൊമിനിക് ലാപിയർ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തമായ കൃതി ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’ രചിച്ചത് അമേരിക്കന്‍ എഴുത്തു കാരനായ ലാരി കോളിന്‍സുമായി ചേര്‍ന്നാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതവും ഇന്ത്യാ – പാക് വിഭജനവും വളരെ ഹൃദയസ്പൃക്കായി കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ലാരി കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലാപിയര്‍-കോളിന്‍സ് കൂട്ടുകെട്ട് ചേര്‍ന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കൊല്‍ക്കത്തയിലെ തന്‍റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവല്‍ ഏറെ ജന പ്രീതി നേടി.
1984 ലെ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോ യുമായി ചേര്‍ന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇന്‍ ഭോപ്പാല്‍’ എന്ന കൃതിയും ലാപിയറുടെ ശ്രദ്ധേയമായ രചനയാണ്.
- pma