
ന്യൂഡൽഹി : ബീഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം (U-238) അംശം കണ്ടെത്തി എന്ന് പഠന റിപ്പോർട്ട്. 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
ഇവരുടെ മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ തീരെ ചെറുതല്ലാത്ത അളവിൽ യുറേനിയം കണ്ടെത്തി എന്നാണു റിപ്പോർട്ട്. ബീഹാറിലെ ഭോജ്പുർ, സമസ്തിപുർ, ബേഗുസരായി, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെയാണ് പഠനം നടത്തിയത്.
മഹാവീർ കാൻസർ സന്സ്ഥാൻ (പാറ്റ്ന), ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (പഞ്ചാബ്), ഡൽഹി എയിംസ് എന്നിവയും ICMR, NIPER-ഹാജിപുർ എന്നിവ യുടെ പിന്തുണയോടെയും നടത്തിയ പഠന ത്തിൽ എല്ലാ 40 സാമ്പിളുകളിലും യുറേനിയം കണ്ടെത്തി. സാന്ദ്രത 0 മുതൽ 5.25 μg/L വരെയാണ്.
ഏറ്റവും ഉയർന്ന വ്യക്തിഗത കണ്ടെത്തൽ കതിഹാർ ജില്ലയിൽ നിന്നാണ്. ഈ അളവ് ആഗോള സുരക്ഷാ പരിധിക്ക് താഴെയായി തുടരുമ്പോൾ ഭൂഗർഭ ജലവും ഭക്ഷ്യ ശൃംഖലയും മലിനമാകുന്നത് അടിയന്തര അന്വേഷണം ആവശ്യമാണ് എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുലപ്പാലിലെ യുറേനിയം അളവിന് നിലവിൽ നിർദ്ദിഷ്ടവും അനുവദിച്ചതുമായ ഒരു പരിധിയോ മാനദണ്ഡമോ ഇല്ല. എന്നാൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഓ.) ഭൂഗർഭ ജലത്തിൽ അനുവദിച്ചിട്ടുള്ള യുറേനിയം പരിധി 30 മൈക്രോ ഗ്രാം പെർ ലിറ്റർ ആണ്. ഇത് മാനദണ്ഡമാക്കി ഈ വിഷയത്തിൽ ആശങ്കക്ക് ഇടയില്ല എന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
കുടിക്കുവാനും ജല സേചനത്തിനും ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിക്കുന്നത് ബീഹാറിൽ മലിനീകരണത്തിന് കാരണമായി എന്നും പഠനം ചൂണ്ടിക്കാട്ടി. വ്യവസായ മാലിന്യങ്ങൾ ജലാശയ ങ്ങളിലേക്ക് തള്ളുന്നതും രാസ വളങ്ങളുടെയും കീട നാശിനികളുടെയും ഉപയോഗവും ഈ മലിനീകരണ ത്തിന് ആക്കം കൂട്ടുന്നു.
മുലപ്പാലിലെ യുറേനിയം ശിശുക്കളിൽ ആരോഗ്യ പരമായ ആശങ്കകൾക്ക് കാരണമാകും. ഇത് കുറഞ്ഞ ഐ-ക്യൂ, ന്യൂറോളജി വികസന ത്തകരാറ്, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം. മാത്രമല്ല ക്യാൻസർ സാധ്യതയും.
എങ്കിലും, മുലയൂട്ടുന്ന അമ്മമാരിലും ശിശുക്കളിലും യുറേനിയം വിഷാംശം വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നും പഠനം പറയുന്നു. കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ അവലോകനം ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: digital-health-mission, ആരോഗ്യം, കുട്ടികള്‍, ദുരന്തം, പരിസ്ഥിതി, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ




























