ഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ പാക്കിസ്ഥാനി ഭീകരന്‍ അജ്മല്‍ ഖസബിന്റെ വിധി മെയ് ആറിന് പ്രഖ്യാപിക്കും. ഖസബ് മൃഗീയമായ ഒരു കൊലപാതക യന്ത്രത്തെ പോലെയാണ് പെരുമാറിയത് എന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഏറ്റവും കടുത്ത ശിക്ഷയായ വധ ശിക്ഷ തന്നെ ഖസബിനു നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ഗൂഡാലോചന, രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങളാണ് മൊഹമ്മദ് അജ്മല്‍ അമീര്‍ ഖസബ് എന്ന ഈ ഇരുപത്തിരണ്ടു കാരനെതിരെ കോടതിയില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 72 പേരുടെ മരണത്തിന് ഖസബ് നേരിട്ട് ഉത്തരവാദിയാണ്. മാരകമായ ഒരു യന്ത്രത്തെ പോലെ ഇയാള്‍ ആളുകളെ കൊള്ളുക മാത്രമല്ല കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ഖസബിന്റെ പ്രായം കണക്കിലെടുത്ത്, ഇയാള്‍ ജീവിതത്തില്‍ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള പക്വത ഇല്ലാത്ത ചെറുപ്പക്കാരനാണ് എന്ന് ഇയാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മത സംഘടനകളും വിശ്വാസങ്ങളും ഇയാളെ അന്ധനാക്കി യിരിക്കുകയാണ്. അവസരം ലഭിച്ചാല്‍ ഇയാളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ കഴിയും എന്നത് കോടതി കണക്കിലെടുക്കണം എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.
- ജെ.എസ്.