ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.
ബ്രിട്ടീഷ് കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ് ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.
അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക് കടത്തിയതായും ആരോപണമുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കായികം, വിവാദം