ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.
ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.
‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്, തൊഴിലാളി, ഫുട്ബോള്‍