സാന്റിയാഗോ: സിത്താര്‍ മാന്ത്രികൻ പണ്ഡിറ്റ് രവി ശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സിനെ ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസങ്ങളില്‍ ഒരാളായ പണ്ഡിറ്റ് രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവി ശങ്കറിനെ രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.1920 ഏപ്രില്‍ ഏഴിന് വാരണാസി യിലായിരുന്നു ഈ അതുല്യ സംഗീത പ്രതിഭയുടെ ജനനം. പ്രായാധിക്യം കാരണം ഏറെ നാളായി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രവി ശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അലാവുദ്ദീൻ ഖാനാണ് പ്രശസ്ത നർത്തകനും സ്വന്തം ജ്യേഷ്ഠനുമായ പണ്ഡിറ്റ് ഉദയ് ശങ്കറിന്റെ നൃത്ത സംഘത്തിൽ നർത്തകനായി അരങ്ങേറ്റം കുറിച്ച രവി ശങ്കറിനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൈ പിടിച്ച് ആനയിച്ചത്. ഉസ്താദിന്റെ മകളും പ്രശസ്ത സുർബഹാർ സംഗീതജ്ഞയുമായ റോഷനാറ ഖാനെ രവി ശങ്കർ ആദ്യ പത്നിയുമാക്കി. അന്നപൂർണ്ണാ ദേവി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ രവി ശങ്കറുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പിന്നീട് പൊതു വേദികളിൽ നിന്നും മാറി നിൽക്കുകയും സംഗീതം അഭ്യസിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൌരസ്യ ഇവരുടെ ശിഷ്യനാണ്.
പിന്നീട് മൂന്ന് സ്ത്രീകൾ രവി ശങ്കറിന്റെ ജീവിതത്തിലൂടെ കടന്നു പോയി. ആദ്യ ഭാര്യയിൽ ജനിച്ച പുത്രൻ ശുഭേന്ദ്ര ശങ്കർ സിത്താറും സുർബഹാറും വായിക്കുമായിരുന്നു. 1992ൽ ഇദ്ദേഹം മരണമടഞ്ഞു. പിന്നീട് നർത്തകിയായ കമലാ ശാസ്ത്രി രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നു വരികയുണ്ടായി. 1981 വരെ ഇവർ ഒരുമിച്ചു ജീവിച്ചെങ്കിലും ഇതിനിടെ 1979ൽ ഇദ്ദേഹത്തിന് ന്യൂ യോർക്കിൽ കോൺസേർട്ട് പ്രൊഡ്യൂസർ ആയിരുന്ന സൂ ജോൺസിൽ ഒരു പെൺകുഞ്ഞ് പിറന്നു. ഒൻപത് ഗ്രാമി അവാർഡുകൾ വാങ്ങി ലോക പ്രശസ്തയായി നോറാ ജോൺസ് എന്ന ഇദ്ദേഹത്തിന്റെ ഈ മകൾ. ഇതിനിടെ 1972ൽ തന്റെ സംഘത്തിൽ തമ്പുരു വായിക്കുന്ന സുകന്യ രാജൻ എന്ന 18 കാരിയെ രവി ശങ്കർ കണ്ടുമുട്ടി. വിവാഹിതയായിരുന്നിട്ടും പ്രണയത്തിലായ ഇവർക്ക് 1981ൽ അനുഷ്ക ശങ്കർ എന്ന് പിന്നീട് പ്രശസ്തയായ സംഗീതജ്ഞ മകളായി പിറന്നു. 1989ൽ രവി ശങ്കർ സുകന്യയെ വിവാഹം ചെയ്തു.
മറ്റുള്ളവരുടെ ജീവിതത്തിൽ സംഗീതത്തിന്റെ അഭൌമമായ ശാന്തി പരത്തിയ തന്റെ സ്വകാര്യ ജീവിതം ഇത്രയേറെ പ്രക്ഷുബ്ധമായതിനെ കുറിച്ച് ചോദിച്ചപ്പോൾ രവി ശങ്കർ ഇങ്ങനെ മറുപടി പറഞ്ഞു : “സംഭവിച്ചതെല്ലാം സ്വാഭാവികവും നൈസർഗ്ഗികവുമായിരുന്നു. ഇത് തനിക്കും മറ്റുള്ളവർക്കും ഒരുപാട് സന്തോഷവും ചിലർക്ക് വിഷമവും നൽകി. എന്നാൽ തനിക്ക് ലഭിച്ചതിനെല്ലാം തനിക്ക് നന്ദിയുണ്ട്. തനിക്ക് തന്നെ കുറിച്ച് തന്നെ അദ്ഭുതം തോന്നാറുണ്ട്.”
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, സംഗീതം, സാംസ്കാരികം