മുംബൈ: മഹാരാഷ്ട്രയിലെ കൊലാപുർ ജില്ലയിലെ ഒരു അമ്പലത്തിലെ ഷെഡിൽ കഴിഞ്ഞ 7 വർഷമായി തടവിൽ പാർപ്പിച്ചിരിക്കുന്ന സുന്ദർ എന്ന ആനയുടെ മോചനം ഇനിയും വൈകും. സുന്ദറിന്റെ മോചനത്തിനായി അമിതാബ് ബച്ചൻ, ബീറ്റ്ൽസ് ലെ പോൾ മക്കാർട്ട്നി, പാമെല ആൻഡേഴ്സൺ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തർ രംഗത്ത് വന്നിരുന്നു. 2012ൽ തന്നെ സംസ്ഥാന സർക്കാർ സുന്ദറിനെ വനത്തിലേക്ക് തിരികെ അയക്കാൻ ഉത്തരവായതാണ്. ഉത്തരവ് നടപ്പിലാവാതെ വന്നപ്പോൾ മൃഗ സ്നേഹികളുടെ അന്താരാഷ്ട്ര സംഘടനയായ PETA (People for Ethical Treatment of Animals) ബോംബെ ഹൈക്കോടതിയിൽ പരാതി നൽകി. ബോംബെ ഹൈക്കോടതിയും സുന്ദറിനെ മോചിപ്പിക്കാൻ ഉത്തരവായി. എന്നാൽ സുന്ദറിന്റെ മോചനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന എം. എൽ. എ. വിനയ് കോറെ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇനി സുന്ദറിനും സുന്ദറിനെ സ്നേഹിക്കുന്നവർക്കും സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
PETA പുറത്ത് വിട്ട ഈ വീഡിയോ കണ്ട ബോളിവുഡ് താരങ്ങൾ അടക്കം ഒട്ടേറെ പേർ സുന്ദറിന്റെ മോചനത്തിനായി രംഗത്ത് വരികയുണ്ടായി.