ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്ര മോദിക്കൊപ്പം 23 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്നാഥ് സിങ്ങ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ഉമാ ഭാരതി, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ദൈവ നാമത്തിലാണ് നരേന്ദ്ര മോഡിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
പാക്കിസ്ഥാന് പ്രധാന മന്ത്രി നവാസ് ഷെറീഫ്, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രാജപക്ഷെ, അഫ്ഗാനിസ്ഥാന് പ്രസിഡണ്ട് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാമന്ത്രി സുശീല്‍ കൊയ്രാള, ഭൂട്ടാന് പ്രധാനമന്ത്രി ഷെങിങ് തൊബ്ഗെ, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, മുന്‍ പ്രധാന മന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, എല്‍. കെ. അഡ്വാനി, രാഹുല്‍ ഗാന്ധി എം. പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ള മന്ത്രിമാര്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ചടങ്ങില്‍ നാലായിരത്തോളം പേര് പങ്കെടുത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാന മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. പ്രവര്‍ത്തിച്ചത്. വന്‍ വിജയമാണ് എന്‍. ഡി. എ. സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയത്. ബി. ജെ. പി. ക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ട് പതിനാറാം ലോക്സഭയില്‍.