ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.
സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.