ന്യൂഡെല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും അനധികൃതമായി കൊണ്ടു വന്ന എ. കെ. 56 തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട പ്രശസ്ത ബോളീവുഡ് നടന് സജ്ഞയ് ദത്ത് കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷ ഇളവിനായി ഗവര്‍ണ്ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കണം എന്നുമാണ് സഞ്ജയ് ദത്തിന്റെ അപേക്ഷ. ഒരു മാസത്തിനകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. ആയുധം കൈവശം വച്ച കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷയാണ് സഞ്ജയിന് കോടതി വിധിച്ചിരിക്കുന്നത്. ഈ കേസില്‍ നേരത്തെ പതിനെട്ട് മാസത്തെ തടവ് ശിക്ഷ സഞ്ജയ് ദത്ത് അനുഭവിച്ചിരുന്നു.
ബോളീവുഡ് താരവും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സുനില്‍ ദത്തിന്റെ മകനായ സജ്ഞയ് ദത്തിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രശസ്തര്‍ രംഗത്തെത്തിയിരുന്നു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്മാന് മാര്‍ക്കണ്ഡേയ കഠ്ജുവും ഇവരില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര ഗവര്‍ണ്ണറും മലയാളിയുമായ കെ. ശങ്കരനാരായണന് ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ സഞ്ജയ് ദത്തിനു നല്‍കുന്നതിനെതിരെ നിരവധി രാഷ്ടീയ സാമൂഹിക സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ഗൌരവമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രശസ്തര്‍ക്കും പണമുള്ളവര്‍ക്കും ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.