ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ് നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ് കൂടംകുളം ആണവ നിലയം നിര്‍മിച്ചത്. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.
എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.