ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.
അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.