ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ അവയുടെ തനിനിറം പുറത്താക്കാൻ സഹായകരമായി എന്ന് സി. പി. എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന അസ്ഥിരത വെളിപ്പെടുത്തുന്നതായി മാറി ഈ വിഷയത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പ്. തികച്ചും സാങ്കേതികമായ വിജയം മാത്രമാണ് വോട്ടെടുപ്പിലൂടെ സർക്കാർ നേടിയത്. ബി. എസ്. പി., എസ്. പി., ഡി. എം. കെ. എന്നീ പാർട്ടികൾ അവർ ആദ്യം വിദേശ നിക്ഷേപത്തെ നയപരമായി എതിർത്ത സമീപനം വോട്ടെടുപ്പിന്റെ കാര്യത്തിലും സ്വീകരിച്ചിരുന്നെങ്കിൽ സർക്കാർ പരാജയപ്പെട്ടേനെ. എന്നാൽ വോട്ടെടുപ്പിൽ വിജയിക്കാനായി തീർച്ചയായും അസാധാരണമായ എന്തോ നീക്കം സർക്കാർ നടത്തിയിട്ടുണ്ട്. ഇത് കൈക്കൂലിയോ, ഭീഷണിയോ എന്തെങ്കിലും സഹായ വാഗ്ദാനങ്ങളോ ആവാം. 1993ൽ നരസിംഹ റാവു സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചപ്പോൾ ഉയർന്നു വന്ന ജാർഖണ്ഡ് മുക്തി മോർച്ചാ കൈക്കൂലിക്കേസും 2008ൽ മൻമോഹൻ സിംഗ് ഇന്തോ അമേരിക്കൻ ആണവ കരാർ വോട്ട് ജയിച്ചയുടൻ ഉയർന്നു വന്ന വോട്ടിനു പകരം പണം വിവാദവും നമ്മൾ കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം