ന്യൂഡൽഹി : കോർപ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തത് മുഴുവൻ പകർത്തി എഴുതണം എന്ന് സുപ്രീം കോടതി ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു. ദേശീയ സുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കാവുന്ന തരം പ്രത്യാഘാതങ്ങൾ ഉള്ള സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങളെ പകർത്തി എഴുതുന്ന ജോലി ഇതു വരെ ചെയ്യാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റാഡിയയുടെ 5800 ഫോൺ സന്ദേശങ്ങളാണ് അദായ വകുപ്പിന്റെ കൈവശം ഉള്ളത്.സന്ദേശങ്ങളുടെ ഉള്ളടക്കത്തെ പറ്റി ആദായ വകുപ്പ് നൽകുന്ന വിശകലനങ്ങളെ ആധാരമാക്കിയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. ഇത് ശരിയല്ല എന്ന് കോടതി പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അതേ പടി പകർത്തി എഴുതി അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോവേണ്ടത്. ഒരു സംഘം ഉദ്യോഗസ്ഥരെ ഈ ജോലിക്കായി പ്രത്യേകം ചുമതലപ്പെടുത്തണം എന്നും രണ്ടു മാസത്തിനകൽ ഇതു പൂർത്തിയാക്കി സീൽ വെച്ച കവറിൽ ഇത് സമർപ്പിക്കണം എന്നും കോടതി നിർദ്ദേശിച്ചു.