ദില്ലി: അടുത്ത രാഷ്ട്രപതി ആരാകണമെന്ന് ആര്‍. ജെ. ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി. എന്നാല്‍ മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുല്‍കലാമിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. കൂടാതെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, സാം പെട്രോട എന്നീ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ ഹമിദ് അന്‍സാരിയാണ് കലാമിനേക്കാളും ഈ പദവിക്ക് യോഗ്യന്‍. എന്നാല്‍ ലാലുവിന്റെ നിര്‍ദ്ദേശത്തിനോട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കാറുള്ളത്. അന്‍സാരിക്കുവേണ്ടി ലാലു രംഗത്തിറങ്ങിയെന്നു മാത്രം. ആര്. ജെ. ഡി നേതാവിന്റെ അഭിപ്രായം വ്യക്തിപരമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെ അബ്ദുല്‍കലാമിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെയ്ക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇടതു പക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കലാം. രാഷ്ട്രീയക്കാരനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേക്കാള്‍ നിഷ്പക്ഷ സ്വഭാവമുള്ള ഒരാളെ മുന്നോട്ടു വെയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്. കൂടാതെ യു. പി. എയിലെ പ്രമുഖ ഘടകകക്ഷിയായ എന്‍. സി. പിയും കലാം പ്രസിഡന്റ് ആകണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ കൂടുതല്‍ സ്വീകാര്യന്‍ അബ്ദുല്‍ കലാം തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലാലുവല്ലാതെ മറ്റാരും ഹമീദ് അന്‍സാരിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിട്ടില്ല.