ന്യൂഡൽഹി: ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ ആരോപണം. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത് എന്നിരിക്കെ പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ ബംഗ്ലാവ് നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ് വിവാദമായിരിക്കുന്നത് .അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.
ചെന്നൈ : തമിഴ്‌നാട് സി. പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി എന്‍. വരദരാജന്‍ (87) അന്തരിച്ചു. കോഴിക്കോടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് ചെന്നെയില്‍ മടങ്ങിയെത്തിയ വരദരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ടി. നഗറിലെ സി. പി. എം. ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെച്ചു. ശവസംസ്കാരം ബുധനാഴ്ച സ്വദേശമായ ഡിണ്ടിഗലില്‍ നടക്കും.
മൂന്നു തവണ എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വരദരാജന്‍ 2002 – 2010 കാലഘട്ടത്തിലാണ് തമിഴ്‌നാട് സി. പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത്. സി. പി. എം. കേന്ദ്ര കമ്മറ്റിയിലും അംഗമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഡി. എം. കെ. നേതാവ് എം. കരുണാനിധി തുടങ്ങിയവര്‍ വരദരാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കൊല്‍ക്കത്ത : ഇന്ത്യയിൽ നാലാം തലമുറ (4ജി) സാങ്കേതിക വിദ്യയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എയര്‍ടെല്‍ തുടക്കമിട്ടു. 2.3 ജിഗാഹെട്സ് ആണ് ബാന്റ് വിഡ്ത്. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്ങ് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ നിരവധി കാര്യങ്ങള്‍ 4ജി സാങ്കേതിക വിദ്യ വഴി അനായാസം കൈകാര്യം ചെയ്യുവാന്‍ ആകും. കൊല്‍ക്കത്ത, മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്റ് സ്പെക്ട്രം ലൈസന്‍സ് നേടിയിട്ടുള്ള കമ്പനിക്ക് വരും മാസങ്ങളില്‍ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ചൈനീസ് കമ്പനിയാണ് എയര്‍ടെലിനു സാങ്കേതിക സൌകര്യങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
ഭുബനേശ്വർ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ നേതാവായ സബ്യസാചി പാൻഡയുടെ ഭാര്യയെ ഒഡീഷയിലെ റായ്ഗഡ ജില്ലയിലെ അതിവേഗ കോടതി വിട്ടയച്ചു. ഒരു പോലീസ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് പൊലീസ് ശുഭശ്രീ പാൻഡയെ അറസ്റ്റ് ചെയ്ത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പിടിയിലുള്ള ഇറ്റാലിയൻ വിനോദ സഞ്ചാരിയെ മോചിപ്പിക്കണമെങ്കിൽ തങ്ങളുടെ 7 പ്രവർത്തകരെ വിട്ടയക്കണം എന്ന പ്രക്ഷോഭകരുടെ ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ നടപടി.