പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന് വ്യാജ നോട്ടുകള് അച്ചടിച്ച് നേപ്പാള് അതിര്ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്ത്തിയില് പിടിയിലായ പാക് പൌരന്മാര് വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്ദ്ദേശ പ്രകാരം പാക്കിസ്ഥാന് സര്ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്സി അച്ചടിക്കുന്നത് എന്നും ഇവര് വെളിപ്പെടുത്തി എന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള് പുറത്തു വിട്ടത്. ഇന്ത്യന് കറന്സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്സികള് ഇത്തരത്തില് നിര്മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര് വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള് വന് തോതില് ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന് ചാര സംഘടനയുടെ ലക്ഷ്യം.