ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ – മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.